Wednesday, October 22, 2014

സീയെല്ലെസ് ബുക്സ് പരിചയപ്പെടുത്തുന്ന എഴുത്തുകാരികള്‍

 

11 ശിവനന്ദ.


ജീവിതത്തിന്റെ നടവഴികളില്‍ എപ്പോഴോ
എന്റെ ഓരം  ചേര്‍ന്ന് നടന്നു തുടങ്ങിയവള്‍...
അവളെ പരിചയപ്പെടുത്തുക എന്നത്
എനിക്ക് സന്തോഷം നൽകുന്നു

ജീവിതത്തിലെ വര്‍ണ്ണ ഭംഗികള്‍ മാത്രം കണ്ട്
 ഒരു പൂമ്പാറ്റയെപ്പോലെ പാറിപ്പറന്നു നടന്ന കാലത്ത്
പ്രണയ സ്വപ്നങ്ങളുടെ മാസ്മരികതയില്‍ അലിഞ്ഞു പോയവള്‍ ...
 പ്രണയത്തിനു കണ്ണും കാതുമില്ലെന്നു കേട്ടിട്ടുണ്ട്.
പക്ഷെ ചിന്താ ശക്തിയെക്കൂടി അത് കാര്‍ന്നു തിന്നുമെന്ന്
പിന്നീടേ അവള്‍ക്കു മനസ്സിലായുള്ളൂ.
അപ്പോഴേയ്ക്കും അവളുടെ ജീവിതം പിടിവിട്ടു പോയിരുന്നു.
എല്ലാം തികഞ്ഞ ഭര്‍ത്താവ് ..
ആവശ്യത്തിലേറെ പണവും പ്രതാപവും ....
അരോഗദൃഡഗാത്രര്‍  ആയ കുട്ടികള്‍ ...
അവൾ  അതിനോട് പൊരുത്തപ്പെടാന്‍ ശ്രമിച്ചു.

കോളേജ്  കാമ്പസ്സുകളെ ഹരം കൊള്ളിച്ച
ഒരു തീപ്പൊരിയായിരുന്നവള്‍ ....
അനീതിക്കും അന്യായത്തിനുമെതിരെ
അവള്‍ മുഷ്ടി ചുരുട്ടി ഗര്‍ജ്ജിച്ചിരുന്നു. ..
അഹങ്കാരികളെ നിലയ്ക്ക് നിര്‍ത്താന്‍ ....
സങ്കടപ്പെടുന്നവര്‍ക്ക് സാന്ത്വനമാകാന്‍.....
എന്തിനും ഏതിനും അവള്‍ മുന്‍പന്തിയിലുണ്ടായിരുന്നു.
സ്വാതന്ത്ര്യ സമരസേനാനിയായ അച്ഛനില്‍ നിന്നും,
 പറക്കമുറ്റാത്ത പിഞ്ചോമനകളെ
 നെഞ്ചോട്‌ ചേര്‍ത്ത് ജീവിത നദി 
 സധൈര്യം നീന്തിക്കടന്ന അമ്മയില്‍ നിന്നും
 ആര്‍ജ്ജിച്ചെടുത്ത വിപ്ളവവീര്യം.....!!
 അവള്‍ അതെല്ലാം ദാമ്പത്യത്തിന്റെ
 കെട്ടുറപ്പിനായി അവഗണിച്ചു.
നീക്കു പോക്കുകളിലൂടെ അടുക്കള ച്ചുമരുകള്‍ക്കുള്ളില്‍
അടയിരിക്കാന്‍ അവള്‍ കഠിനമായി പരിശ്രമിച്ചു...
കണ്ണീരുറവകള്‍ അകത്തേക്കൊഴുക്കിയും,
എരിയുന്ന നെഞ്ചിലെ ഇടിമുഴക്കങ്ങള്‍ അടക്കിപ്പിടിച്ചും,
 പുഞ്ചിരിയുടെ അകമ്പടിയോടെ
ഉള്‍ വികാരങ്ങള്‍ അത്രയും അവള്‍ വഴിതിരിച്ചു വിട്ടു.
സ്നേഹമയി ആയ ഭാര്യ ...!അമ്മ ....!!കുടുംബിനി !!!....
വേണമെന്ന് കരുതിയാലും അതിനപ്പുറമൊരു ലോകം
അവള്‍ക്കെന്നേ നഷ്ടമായിക്കഴിഞ്ഞിരുന്നു

ആരോടെങ്കിലും പറഞ്ഞില്ലെങ്കില്‍
നെഞ്ചു പിളര്‍ന്നു മരിച്ചുപോകും എന്ന ഘട്ടത്തില്‍
വീണ്ടും അക്ഷരങ്ങള്‍ മാത്രം ആശ്വാസമേകാന്‍
അവളെ തേടിച്ചെന്നു.
 രാത്രികളെ
അവള്‍ കൂടുതല്‍ സ്നേഹിച്ചു തുടങ്ങി....
അടുക്കളയില്‍ ഒരു കൊച്ചു മെഴുതിരി 
വെളിച്ചത്തിലിരുന്ന് 
തന്റെ തേങ്ങലുകള്‍ അത്രയും 
കുട്ടികളുടെ നോട്ടു ബുക്കില്‍ നിന്നും
കീറിയെടുത്ത കടലാസ്സുകളില്‍
പലപ്പോഴും അവള്‍ പകര്‍ത്തിവച്ചു ...
അതിന്റെ എണ്ണം കൂടിക്കൂടി വന്നു.
അപ്പോഴെല്ലാം അവള്‍ക്കു തലയ്ക്കു ചുറ്റും കണ്ണുകളും
രക്ഷപ്പെട്ടോടാനുള്ള മാനിന്റെ ചടുലതയും
അപകട സൂചനകിട്ടിയ കാട്ടുമൃഗത്തിന്റെ ജാഗ്രതയും
 ഉണ്ടായിരുന്നു....
ഒളിച്ചു വയ്ക്കലിന്റെ അസ്വസ്ഥതകള്‍ അവള്‍ ഉള്‍ക്കൊണ്ടു..

അവളിലെ മാറ്റം പഴയസുഹൃത്തുക്കള്‍ക്ക്
വിശ്വസിക്കാനോ അംഗീകരിക്കാനോ കഴിഞ്ഞില്ല.
അവരുടെ നിരന്തരമായ പ്രോത്സാഹനമാണ്
അവളെ നിവര്‍ന്നു നില്‍ക്കാന്‍ പ്രേരിപ്പിച്ചത് .
ഇന്റര്‍ നെറ്റിന്റെ അനന്ത സാധ്യതകളിലേയ്ക്ക്‌
വളരെ രഹസ്യമായി അവളെ അവര്‍ കൈപിടിച്ചാനയിച്ചു..
ബ്ളോഗുകളില്‍...ഓണ്‍ ലൈന്‍ മാസികകളില്‍
അവളുടെ രചനകള്‍  കോളിളക്കം സൃഷ്ടിച്ചു ...
ശിവ നന്ദ ...
ആരാണവള്‍...?
അവളെ ഇന്നുവരെ ഞാന്‍ കണ്ടിട്ടില്ല.
ജാതിയോ മതമോ നിറമോ ഒന്നും എനിക്കറിയില്ല
ഒന്നറിയാം.
അവളുടെ അക്ഷരങ്ങളില്‍ തിളയ്ക്കുന്നത്  
എന്റെ വിചാര വികാരങ്ങളാണ് .
(ഇനി ഞാന്‍  തന്നെയാണോ അവള്‍ ...?!!
അതും എനിക്ക് നിശ്ചയമില്ല. .).
ഒരു നേര്‍ത്ത തിരശ്ശീലയ്ക്കപ്പുറം സുരക്ഷിതയാക്കി നിര്‍ത്തി
ശിവനന്ദയെ അവളുടെ കഥകളിലൂടെ മാത്രം 
 
ഞാന്‍ നിങ്ങള്‍ക്കു പരിചയപ്പെടുത്തുന്നു
അതെ ..ശിവനന്ദയുടെ കഥകള്‍...

മഞ്ഞ്‌ പൂത്ത വെയില്‍  മരം.
പ്രകാശകൻ: ശ്രീ കുരീപ്പുഴ ശ്രീകുമാർ
സ്വീകർത്താവ് :ശ്രീ ബിനോയ്‌ വിശ്വം 
അവതാരിക :ശ്രീ ജ്യോതികുമാർ 
ആസ്വാദനം :ശ്രീ സുരേഷ് കുമാർ പുഞ്ചയിൽ
സംഘാടകർ : കൂട്ടം ഗ്രൂപ്പ് 
വേദി :ചങ്ങമ്പുഴ പാർക്ക്‌,ഇടപ്പള്ളി,എറണാകുളം 
തിയ്യതി :2014 ആഗസ്റ്റ്‌ 6 
വില: 100 രൂ.
പ്രസാധനം :
സീയെല്ലെസ് ബുക്സ്, തളിപ്പറമ്പ 
clsbuks@ gmail.com

Sunday, October 19, 2014

സീയെല്ലെസ് ബുക്സ് പരിചയപ്പെടുത്തുന്ന എഴുത്തുകാരികൾ

10.ഗിരിജ നവനീത കൃഷ്ണൻ
1969 സെപ്റ്റംബർ 21 ന് എറണാകുളം ജില്ലയിൽ ശ്രീ .സി പരമേശ്വര മേനോന്റെയും ശ്രീമതി ബേബി പി. മേനോന്റെയും മകളായി  ജനനം.ആലുവ ഹോളി ഗോസ്റ്റ് കോണ്‍വെന്റ് സ്കൂൾ ,ആലുവ സെന്റ്‌.ഫ്രാൻസിസ് ഗേൾസ്‌ ഹൈ സ്കൂൾ ,ആലുവ യുണിയൻ ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിൽ  വിദ്യാഭ്യാസം.  ഇപ്പോൾ ഷാർജ എമിറേറ്റ്സ് നാഷണൽ സ്കൂളിൽ അധ്യാപിക.  ഷാർജയിൽ താമസം.ഭർത്താവ് :നവനീത കൃഷ്ണൻ .ജെ.മക്കൾ :വിഷ്ണു, വിഘ്നജിത്ത്
2010 മുതൽ  ബ്ളോഗിൽ എഴുതുന്നു.
ശക്തമായ  കവിതകളാണ്  ഗിരിജയുടെ തൂലികയിൽ പിറവികൊള്ളുന്നത്. അങ്ങനെയുള്ള 27 കവിതകളുടെ സമാഹാരമായ  പഞ്ചഭൂതാത്മകം ബ്രഹ്മം എന്ന പ്രഥമ കൃതിയിലൂടെ വായനക്കാരുടെ മുന്നിൽ  ഞങ്ങൾ ഗിരിജയെ അഭിമാനപൂർവം അവതരിപ്പിക്കുന്നു. ശ്രീ ഷാജി നായരമ്പലത്തിന്റെ അവതാരികയും മഹാത്മാഗാന്ധി സർവകലാശാല മുൻ  വൈസ് ചാൻസലർ  ഡോ. സിറിയക് തോമസിന്റെ ആസ്വാദനവും ഈ പുസ്തകത്തെ വിലയുറ്റതാക്കി യെന്നതിൽ
ഒട്ടും സംശയമില്ല.
 'പഞ്ചഭൂതാത്മകം ബ്രഹ്മം' - കവിതാസമാഹാരം 

ഗിരിജ നവനീത കൃഷ്ണൻ

 പ്രകാശകൻ: ശ്രീ സിറിയക് തോമസ്‌(മഹാത്മാ ഗാന്ധിയൂനിവെഴ്സിറ്റി 

മുൻവൈസ് ചാൻസലർ)

 സ്വീകർത്താവ്‌ :ഡോ.രവി തോമസ് (ഷാർജാ എമിറേറ്റ്സ്  നാഷണൽ സ്കൂൾ പ്രിൻസിപ്പാൾ)


സ്ഥലം :ആലുവ ഇംഗ്ളീഷ് ലാൻഗ്വേജ്  ഇൻസ്റ്റിട്ട്യുട്ട്   

തിയ്യതി: 4-8-2014 

 അവതാരിക :ശ്രീ ഷാജി നായരമ്പലം 

ആസ്വാദനം:ശ്രീ സിറിയക് തോമസ്‌ (മഹാത്മാ ഗാന്ധിയൂനിവെഴ്സിറ്റി  മുൻവൈസ് ചാൻസലർ )

ഡിസൈൻ :ഗിരിജ  നവനീത കൃഷ്ണൻ

 കവർ:സുമേഷ് പെരളശ്ശേരി 

വില .50 രൂ.

 പ്രസാധനം സീ എൽ എസ് ബുക്സ്  തളിപ്പറമ്പ്